മാധ്യമ പ്രേഷിതത്വം സമർപിതർക്ക്

0

ചാവറ അച്ചൻ വിശുദ്ധനാക്കപെട്ടതിന്റെ പരിപാടികളും വാർത്തകളും ഒട്ടൊന്നു ശമിച്ചിരിക്കുന്നു. വാർത്തകൾ എപ്പോഴും ക്ഷണികം ആണല്ലോ. പുതിയ വാർത്തകളുടെ പുറകെയുള്ള  വാർത്താ ദാതാക്കളുടെയും വായനക്കാരുടെയും പാച്ചിൽ ഒരിക്കലും ശമിക്കില്ല.

ചാവറ അച്ചന്റെ കാലിക പ്രസക്തി എന്തെന്നും സഭയുടെ മാധ്യമ  ഇടത്തിൽ അദ്ദേഹത്തിനുള്ള പ്രാധാന്യം എന്താണെന്നും ചിന്തിക്കപ്പെടേണ്ടതാണ് . ചാവറ അച്ചൻ സമർപ്പിത ജീവിതത്തെ ജീവിത ശൈലിയായി സ്വയം തിരഞ്ഞെടുത്തു. അതെ സമയം തന്നെ മാധ്യമ പ്രേഷിതത്വത്തിൽ അദ്ദേഹം പ്രാഗദ്ഭ്യം പ്രദർശിപ്പിച്ചു. ഈ ലേഖനം എഴുതപ്പെടുന്ന അർപ്പണം ഡോട്ട് കോം  എന്ന സൈറ്റും   സമർപ്പിത ജീവിതത്തെയും മാധ്യമ പ്രേഷിതത്വത്തെയും സംയോജിപ്പിക്കുന്നത്തിനുള്ള വേദിയാണ്.

“പഴയ കാലങ്ങളിൽ സമർപ്പിതർ എപ്രകാരം വിവിധ മാധ്യമങ്ങളെ സുവിശേഷവത്കരണത്തിന് പ്രയോജനപെടുത്തിയോ, അതുപോലെ സാമൂഹ്യ സന്പർക്ക മാധ്യമങ്ങൾ ഉപയോഗിച്ച് സുവിശേഷത്തിന് സാക്ഷ്യം വഹിക്കുവാൻ സമർപ്പിതർക്ക് ഇന്നത്തെ കാലഘട്ടത്തിലും സാധിക്കണം.” എന്ന് സമർപ്പിത ജീവിതം എന്ന രേഖ (#99) പ്രസ്താവിക്കുന്നു.

അതാതു കാലത്തെ ഉത്തമവും ഫലവത്തുമായ മാധ്യമങ്ങളെ സത്യത്തിന്റെ രേഖപെടുത്തലിനും വിതരണത്തിനുമായി കത്തോലിക്കാ  സഭ എന്നും  കർമ്മോത്സുകതയോടെ ഉപയോഗിച്ചിട്ടുണ്ട്. ദീർഘകാലം  ഈടുനില്ക്കുന്ന പർചുമെന്റ് കോടെക്സ് ആണ് പുതിയ  നിയമ പുസ്തകങ്ങള എഴുതാൻ സുവിശേഷകരും ലേഖന കർത്താക്കളും ഉപയോഗിച്ചത്. അന്നത്തെ ഏറ്റവും പുതിയ മാധ്യമ  കണ്ടുപിടുത്തം ആയിരുന്ന കോടെക്സ് ചിലവേറിയ സാങ്കേതിക വിദ്യയും വൈഭവം ഉള്ളവർക്കു മാത്രം കൈകാര്യം ചെയ്യാൻ സാധിക്കുന്നതും ആയിരുന്നു. പിന്നീട്, പ്രതിരൂപ ചിത്രങ്ങൾ (ഐക്കണ്‍) എഴുതുന്ന രീതി, മധ്യകാലത്ത് വികസിച്ച ആരാധനക്രമ കല, കൊത്തു പണികൾ കൊണ്ടും വിസ്തൃതമായ ഛായാ ചിത്രങ്ങൾ കൊണ്ടും അലംകൃതമായ കത്തീദ്രലുകൾ എന്നിവ സഭയുടെ മാധ്യമ ഉപയോഗങ്ങളുടെ നിദർശനങ്ങൾ ആണ്.

ഇലക്ട്രോണിക് മാധ്യമങ്ങളുടെ ആവിർഭാവ കാലത്തും അവയെ സുവിശേഷവത്കരണ വേദിയാക്കാൻ സഭ മുന്നിട്ടിറങ്ങി. റേഡിയോയുടെ ഉപജ്ഞാതാവായ മാർകോണി തന്നെ വത്തിക്കാൻ റേഡിയോ നിലയം സജ്ജീകരിച്ചു. പതിനൊന്നാം  പീയൂസ് പാപ്പാ ആദ്യ സന്ദേശം റേഡിയോയിലൂടെ നല്കുന്നത് ശ്രവിക്കാൻ അദ്ദേഹവും എത്തിയിരുന്നു. ആ സന്ദേശം അമേരിക്കയിലും മെൽബണിലും  യൂറോപ്പിലും തൽസമയം ശ്രവ്യമായി.

പിന്നെന്തേ… ഇന്ന് മാധ്യമ ശുശ്രൂഷയിൽ സഭ പിന്നാക്കം പോകുന്നത്?
ഇച്ഛാശക്തിയുടെ അഭാവം. സമർപ്പണത്തിലെ കുറവുകൾ, ജ്ഞാനസന്പാദനത്തിലെ ആലസ്യം, സിദ്ധികൾ ആർജിക്കുവാനുള്ള വിമുഖത എല്ലാം കാരണങ്ങളാണ്. സർവോപരി പ്രേഷിത മനോഭാവ കുറവും തീക്ഷ്ണതയില്ലായ്മയും.  ചാവറ അച്ചനു ഉണ്ടായിരുന്ന ഗുണങ്ങൾ ആകട്ടെ ഇവയൊക്കെ ആയിരുന്നു. വിശുദ്ധിയുടെ പടവുകൾ ചവിട്ടി കയറാൻ മറ്റെന്തു ഉപാധികൾ വേണം!

2.-Social-Reformerപത്തൊന്പതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ ജീവിതം ആരംഭിച്ച കുറിയാക്കോസ് എന്ന സാധാരണ മനുഷ്യന്‍ തന്റെ സമർപ്പിത ജീവിതം കൊണ്ട് എങ്ങനെ കേരളീയ സമൂഹത്തിന്റെ നവോത്ഥാനത്തിനു നാന്ദി കുറിക്കുകയും സാമൂഹ്യ പരിവർത്തനത്തിന് പ്രേരണയും പ്രചോദനവുമായി മാറുകയും ചെയ്തു എന്നത് ഉത്തരം തേടേണ്ട പ്രസക്തമായ ഒരു ചോദ്യമാണ്. അദ്ദേഹത്തിന്റെ കർമ്മ മേഖലകളിൽ ഒന്ന് മാധ്യമ ശുശ്രൂഷ ആയിരുന്നു.

കോട്ടയത്തെ മാന്നാനത്ത് 1846 ല്‍ ചാവറ അച്ചന്‍ സ്ഥാപിച്ച സെന്റ് ജോസഫ്‌സ് അച്ചുകൂടം മലയാളികളുടെ ആദ്യത്തെ (സര്‍ക്കാരിതര) മുദ്രണ സംരംഭമാണ്. സാങ്കേതികവിദ്യയും അസംസ്‌കൃതവസ്തുക്കളും കിട്ടാനുള്ള പ്രയാസം മൂലം അച്ചടിച്ച പുസ്തകം വിലയേറിയ വസ്തുവും പ്രസാധനം ലാഭകരമല്ലാത്ത, ചെലവേറിയ വ്യവസായവുമായിരുന്ന കാലത്താണ് ചാവറയച്ചന്‍ ഏകനായി അച്ചടി സാഹസത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. ആ  തീവ്ര യത്‌നത്തിന്റെ കഥ എത്ര വിശദീകരിച്ചാലും ന്യൂ ജനറേഷൻ പിള്ളേർക്ക് മനസിലാവണം എന്നില്ല.

അച്ചടിശാല തുടങ്ങി കേരളീയ സുറിയാനി ക്രൈസ്തവര്‍ക്ക് മാതൃഭാഷയായ മലയാളത്തില്‍ മതഗ്രന്ഥങ്ങള്‍ നല്‍കുകയായിരുന്നു ചാവറയച്ചന്റെ ലക്ഷ്യം. പക്ഷേ പണമുണ്ടായിരുന്നില്ല. 1843-ല്‍ കപ്പമാവുമ്മൂട്ടില്‍ മറിയത്തുമ്മ എന്ന മഹിള 12000 ചക്രം മാന്നാനം ക്രൈസ്തവാശ്രമത്തിനു കാണിക്ക നല്‍കി. അന്നത്തെ 428 രൂപയോളം വരുന്ന ആ കാശ് മൂലധനമാക്കിയാണ് ചാവറയച്ചന്‍ അച്ചടിയന്ത്രത്തിനു ശ്രമം തുടങ്ങിയത്. അച്ചടിവിദ്യമനസ്സിലാക്കാന്‍ കോട്ടയത്തെ സി.എം.എസ്.പ്രസില്‍ രണ്ടു തവണ പോയെങ്കിലും അതു കാണിച്ചുകൊടുക്കാന്‍ അവര്‍ തയ്യാറായില്ലെന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രൊട്ടസ്റ്റന്റ് – കത്തോലിക്കാ വിഭാഗീയതായിരുന്നു അതിനു കാരണം (പി.കെ.രാജശേഖരന്‍, ചാവറയച്ചന്റെ വാഴത്തടവിപ്ലവം, മാതൃഭൂമി, 10 മെയ്  2014).

അച്ചടിയുടെ സാങ്കേതികവിദ്യ സന്പാദിക്കുവാൻ അദ്ദേഹം പണിപ്പെട്ട പാടും, തിരുവനന്തപുരത്തെത്തി അച്ചടിയന്ത്രത്തിന്റെ പ്രവര്‍ത്തനരീതി കണ്ടുമനസ്സിലാക്കി വാഴത്തടയില്‍ അച്ചടിയന്ത്രത്തിന്റെ മാതൃക നിര്‍മിച്ചതും ഒക്കെ പി. കെ. രാജശേഖരൻ തന്റെ ലേഖനത്തിൽ  വിസ്തരിച്ചിട്ടുണ്ട്‌. ഒരു വിപ്ലവത്തിന്റെ ഈറ്റില്ലവും കേരളാധുനികത്വം യന്ത്ര വത്കൃതമാകുന്നതിന്റെ ആരംഭവും ആയി മാറി മാന്നാനം അച്ചുകൂടം.

അച്ചുകൂടം സ്ഥാപിച്ച ചാവറ അച്ചന്റെ കര്‍മകുശലത ആധുനിക കേരളീയ സമൂഹത്തിന്റെ സൃഷ്ടിയുടെ പിന്നിലെ സ്വാധീനശക്തി ആയി മാറി. കോണ്‍സ്റ്റാന്റിനോപ്പിളിലെ ഒരു ഗ്രന്ഥശാല തുര്‍ക്കികള്‍ കൊള്ളയടിച്ചപ്പോഴാണ് നവോത്ഥാനം ആരംഭിച്ചതെന്ന് യൂറോപ്പിലെ നവോത്ഥാനത്തെക്കുറിച്ച് പരാമർശിക്കുന്പോൾ  പറയാറുണ്ട്. ഈ കൊള്ള വഴി കുത്തക വിജ്ഞാനം തെരുവിലെ മനുഷ്യന്റെ കൈകളിലെത്തി എന്നാണ് ഇതുകൊണ്ട് വിവക്ഷിക്കുന്നത്. വിജ്ഞാനത്തിന്റെ ഉപകരണങ്ങള്‍ മനുഷ്യന്റെ കയ്യിലെത്തണം എന്നതായിരുന്നു അച്ചടി സ്ഥാപനം തുടങ്ങുന്പോള്‍ ചാവറ അച്ചന്റെ   മനസ്സിലുണ്ടായിരുന്നത്. സമൂഹത്തെക്കുറിച്ച് വലിയൊരു സ്വപ്നം ഉണ്ടെങ്കില്‍ മാത്രം കൈവരിക്കാവുന്ന നേട്ടമാണിത് (എം. തോമസ് മാത്യു, ചാവറയച്ചനോടുള്ള കടം, മാതൃഭൂമി, 19  മെയ്  2014)

pressഒരു അച്ചടി യന്ത്രം സ്ഥാപിക്കലിനേക്കാള്‍ പ്രാധാന്യമുണ്ട് കേരളത്തിന്റെ ആധുനികത്വത്തിന്റെയും സംസ്‌കാരത്തിന്റെയും ചരിത്രത്തില്‍ ചാവറയച്ചന്റെ പ്രവൃത്തിക്ക്. യൂറോപ്പിന്റെ കുത്തകയായ അച്ചടി സാങ്കേതികവിദ്യയെ യൂറോപ്യന്‍ സഹായമില്ലാതെ കേരളത്തില്‍ തനതായി ആവിഷ്‌കരിക്കുകയാണ് അച്ചൻ ചെയ്തത് (പി.കെ.രാജശേഖരന്‍, 2014). നിലവിലുള്ള പ്രമുഖ മാധ്യമത്തെ സുവിശേഷവത്കരണത്തിന് ഉപയുക്തമാകുന്നതോടൊപ്പം കേരളീയരുടെ കൈയിലേക്ക് വിപ്ലവാത്മകമായ അച്ചടിവിദ്യയെ ഇറക്കിക്കൊണ്ടുവരാനും തദ്ദേശീയ ഭാഷയുടെ വികാസത്തിനും പ്രചാരത്തിനും സാങ്കേതിക വിദ്യയുടെ പിന്തുണ ലഭ്യമാക്കാനും  അദ്ദേഹത്തിനു കഴിഞ്ഞു.

എന്നാൽ കേവലം സുവിശേഷവത്കരണത്തിൽ ഒതുങ്ങിയില്ല അദ്ദേഹത്തിന്റെ മാധ്യമ ശുശ്രൂഷ. ശ്രേഷ്ഠമായ അറിവുകൾ  നല്കുന്ന ഉറവിടമായി അച്ചന്റെ അച്ചുകൂടം വളർന്നു. മാത്രമല്ല ജനായത്ത പ്രക്രിയയിൽ പൊതുജനാഭിപ്രായ രൂപീകരണത്തിന് 1887ല്‍ മാന്നാനത്തുനിന്ന് ‘നസ്രാണിദീപിക’ ആരംഭിച്ചു. ഇന്നും പ്രസിദ്ധീകരണം തുടരുന്ന ആദ്യ മലയാള ദിനപത്രം. അങ്ങനെ അച്ചടിയുടെ അനന്തസാധ്യതകള്‍ അദ്ദേഹം സമൂഹനന്മയ്ക്ക് പ്രയോജനപ്പെടുത്തി.

വിശുദ്ധനാക്കപെട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ കബറിടത്തിലും അദ്ദേഹത്തിന്റെ പുണ്യ പാദം പതിഞ്ഞ എല്ലാ ഇടങ്ങളിലും പ്രാർത്ഥനക്കായി ആളുകൾ  തടിച്ചു കൂടി. എല്ലാവർക്കും അനുഗ്രഹങ്ങൾ വേണം! ജീവിതത്തിൽ അഭ്യുന്നതി ഉണ്ടാവണം!! കൈകൾ കൂപ്പി, മിഴികൾ  പൂട്ടി, മിഴിനീർ  ഊറ്റി എല്ലാം മറന്നുള്ള പ്രാർത്ഥന!!! പക്ഷെ, ആ ക്രാന്തദർശി തിരി കൊളുത്തിയ ആത്മീയ-സാമൂഹ്യ-സാംസ്കാരിക പരിവർത്തനങ്ങളെ മുന്നോട്ടു കൊണ്ടുപോകാൻ കൈകൾ  കോർക്കപെടുന്നില്ല… മനസുകൾ പാകപ്പെടുന്നില്ല… നിർണയങ്ങൾ തീരുമാനിക്കപ്പെടുന്നില്ല… കഷ്ടം. നമ്മുടെ ആത്മീയ പാപ്പരത്തം! കഷ്ടം ഈ ആത്മീയ പ്രദർശനം!!

മാർഗ്ഗരേഖകളിലെ ആശയങ്ങൾക്കും  മാർപാപ്പാമാരുടെ നിർദ്ദേശങ്ങൾക്കും ഏട്ടിലെ പശുവാകാനേ യോഗമുണ്ടാകുന്നുള്ളൂ. പേരിനു പറയാൻ  നമുക്ക് ചില മാധ്യമങ്ങളും പ്രസ്ഥാനങ്ങളും ഉണ്ടെന്നല്ലാതെ സത്യത്തിൽ മാധ്യമ പ്രേഷിത മേഘലയിൽ സഭ ബഹുദൂരം പിന്നിലാണ്.

മാധ്യമ ശുശ്രൂഷാ മേഖലയിൽ  സഭക്ക് ധാരാളം സേവനങ്ങൾ  ചെയ്യാൻ ഉണ്ട്. ഒന്നാമതായി മാധ്യമ വിദ്യാഭ്യാസമാണ് (VC #99). സമൂഹത്തിനു അക്ഷര സാക്ഷരത മാത്രം പോരാ. മാധ്യമ സാക്ഷരതയും വേണം. വിശേഷിച്ചും കൊച്ചു കുരുന്നുകൾക്ക്‌ പോലും  മാധ്യമ സാമഗ്രികൾ അനായാസം ഉപയോഗിക്കാൻ സാധിക്കുകയും വിവര സാഗരത്തിൽ ആറാടാൻ അവസരങ്ങൾ നിരവധി ഉണ്ടാവുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ മാധ്യമ ശുശ്രൂഷ ദൈവികമായ പ്രവർത്തിയായി കാണേണ്ടതുണ്ട്. സന്യസ്തർ ആ ശുശ്രൂഷയിൽ ഏർപ്പെടുന്പോൾ  ദൈവത്തിന്റെ പദ്ധതി അനുസരിച്ച് മാധ്യമങ്ങളെ വിവേകത്തോടെ ഉപയോഗിക്കുവാൻ മറ്റുള്ളവരെ പ്രാപ്തരാക്കുന്നു. (VC #99).

ഒപ്പം സന്യാസ സമൂഹങ്ങൾ  മാനവ മാധ്യമ വിഭവങ്ങളെ പങ്കുവച്ചു സംഘാതമായി പ്രവർത്തിക്കുകയും വേണം. ഏറ്റവും പ്രധാനമായി മാധ്യമങ്ങളുടെ ഭാഷയും നവ തലമുറയുടെ ചിന്താരീതികളും പ്രവർത്തന ശൈലികളും എങ്ങനെ പോകുന്നു എന്ന് അറിഞ്ഞിരിക്കണം.

ധിഷണാ ശാലിയായ ചാവറ അച്ഛനോടുള്ള ഭക്തിയും വണക്കവും പ്രദർശിപ്പികേണ്ടത് അങ്ങനെ അല്ലെ?

ചിത്രങ്ങൾക് കടപ്പാട്: ചാവറ.ഇൻഫോ

വര: മദനൻ

Jose Vallikatt has his specialisation in the interdisciplinary area of media, religion and culture. He writes on various issues related the Church and media.

Loading Facebook Comments ...

Leave A Reply